Saturday, August 25, 2007

ഓണാശംസകള്‍...

തുമ്പയും തുളസിയും ചെമ്പരത്തിയും ചെണ്ടുമല്ലിയും
വിടരാന്‍ മടിക്കുന്ന ഈ മണലാരണ്യത്തില്‍
ഗള്‍ഫ് മലായാളികളോടൊത്ത് ഓണം ആഘോഷിക്കാന്‍ എത്തുന്ന
അപൂര്‍വ്വം ചില വിരുന്നുകാരില്‍ ഒന്ന്
ഈ ചെറുപുഷ്പങ്ങള്‍ കൊണ്ട് മനസ്സില്‍ ഒരു പൂക്കളം തീര്‍ക്കാം നമുക്ക്...

ഓണസദ്യയെ ഒന്നാംതരം ഒരു വില്‍പ്പനച്ചരക്കാക്കി മാറ്റാന്‍
ഇവിടുത്തെ ഓരോ ഹോട്ടലുകളും മത്സരിക്കുമ്പോള്‍
അവരുടെ വിലവിരപട്ടികക്കുമുമ്പില്‍ പകച്ചു നില്‍ക്കുന്ന സാധരണക്കാരനായ ഒരു മലയാളി,
അവനോടൊത്താവണം ഈ ഓണസദ്യ, അവനുവേണ്ടിയുള്ളതാവണം ഈ ഓണഘോഷം......
എല്ലാ ഗള്‍ഫ് മലയാളികള്‍ക്കും എന്റെ ഹ്രിദയം നിറഞ്ഞ ഓണാശംസകള്‍
ഒപ്പം എന്റെ എല്ലാ നല്ല സുഹ്രിത്തുക്കള്‍ക്കും...

5 comments:

സുഹാസ്സ് കേച്ചേരി said...

ഓണം ആഘോഷിക്കുന്ന എല്ലാ ഗള്‍ഫ് മലയാളികള്‍ക്കുമായി ഒരു ചെറിയ പോസ്റ്റ്

സ്വാര്‍ത്ഥന്‍ said...

കഴിഞ്ഞ ഓണനാളില്‍ പട്ടിണിയായിരുന്നു, ഓര്‍ഡര്‍ ചെയ്തവര്‍ക്കു മാത്രമേ സദ്യ തരപ്പെട്ടുള്ളൂ. മൂന്ന് മണി വരെ അന്വേഷിച്ചലഞ്ഞ് ഒടുവില്‍ കുബ്ബൂസ് സാന്റ്വിച്ചില്‍ ഓണം ഒതുക്കി. ഇത്തവണ നാട്ടിലാണല്ലോ എന്ന സന്തോഷമാണ്...

ഏറനാടന്‍ said...

ഒരുകണക്കിനു നോക്കിയാല്‌ കൊല്ലം തോറും നാടുകാണാന്‍ വരുന്ന മാവേലിയും പ്രവാസിയാണല്ലോ! പ്രവാസിപ്രതിനിധിയായ മാവേലിയുടെ സ്മരണയില്‍ ഓണാശംസകള്‍ നേരുന്നു സുഹാസിനും കുടുംബത്തിനും പിന്നെ എല്ലാ ബ്ലോഗമ്മാര്‍ക്കും...

മഴത്തുള്ളി said...

സുഹാസേ ഓണാശംസകള്‍.

എന്റെ സുഹൃത്തുക്കളെല്ലാം ഇന്ന് അവധിയെടുത്താണ് ഓണാഘോഷം. ഞങ്ങള്‍ ചിലര്‍ ഇന്നലെ ഓണം ആഘോഷിച്ചിട്ട് ഇന്ന് ഓഫീസിലെത്തിയിരിക്കുന്നു. പ്രവാസികളെപ്പറ്റിയുള്ള ഒരു പരിപാടിയില്‍ കണ്ടിരുന്നു ഇതുപോലെ പലരേപ്പറ്റിയും.

Unknown said...

പ്രിയപ്പെട്ട സുഹാസ്സ് ,
ഓണത്തിന് ഇന്ന് നാട്ടില്‍ ഒട്ടും പ്രസക്തിയില്ല . അതൊരു വ്യാപാരമേളയായി അധ:പതിച്ചിട്ട് ഏതാനും വര്‍ഷങ്ങളായി . മഹാബലി നാട് കാണാന്‍ വരുമെന്ന് ഇന്ന് ഒരു കൊച്ചുകുട്ടി പോലും വിശ്വസിക്കുകയില്ല. വിശപ്പ് അല്ല ഇന്ന് പ്രശ്നം,പിന്നെയോ ഭക്ഷണം വേണ്ടായ്കയാണ് . കുട്ടികള്‍ ഒന്നും തിന്നുന്നില്ല എന്നാണ് നാട്ടില്‍ സര്‍വ്വത്ര പറഞ്ഞുകേള്‍ക്കുന്ന ഒരു പരാതി. ഭക്ഷണത്തോട് ഇന്ന് ആര്‍ക്കും ഒരാസക്തിയുമില്ല. പുത്തനുടുപ്പുകളും ഇന്ന് ഒരു പ്രശ്നമേയല്ല . വസ്ത്രങ്ങളുടെ ആധിക്യമാണ് യഥാര്‍ത്ഥത്തില്‍ ഇന്ന് പലരും അനുഭവിക്കുന്നത് . കേരളത്തില്‍ എവിടെയും പൂക്കളില്ല എന്നതാണ് മറ്റൊരു പ്രധാന സത്യം . കേരളത്തിന് വെളിയില്‍ ജോലി ചെയ്യുന്നവര്‍ അയയ്ക്കുന്ന വലിയ തുകകള്‍ കൊണ്ട് നാട് ഇന്ന് അക്ഷരാര്‍ത്ഥത്തില്‍ ധൂര്‍ത്തടിക്കുകയാണ് . ഞാന്‍ പറഞ്ഞു വരുന്നത് എന്നും ഓണസമാനമായ ഒരു ചുറ്റുപാടിലാണ് കേരളം പുലരുന്നത്. പിന്നെ ഓണത്തിന് എന്ത് പ്രസക്തിയാണ് ഉള്ളത് ? ഇത്തവണയും ഓണം എന്ന വ്യാപാരോത്സവം നാട്ടില്‍ പൊടിപൊടിച്ചു. അയല്‍‌സംസ്ഥാനങ്ങളിലേക്ക് കോടിക്കണക്കിന് രൂപ ഒഴുകി . തമിഴ്‌നാട്ടില്‍ നിന്നും കര്‍ണ്ണാടകയില്‍ നിന്നും പൂക്കളുമായെത്തിയവരുടെ ബാഹുല്യത്തില്‍ കേരളം വീര്‍പ്പ് മുട്ടി. ചെറുപട്ടണങ്ങളില്‍ പോലും ജനത്തെ നിയന്ത്രിക്കാന്‍ പോലീസിനോടൊപ്പം ധാരാളം എന്‍.സി.സി. കേഡര്‍‌മാരും ഉണ്ടായിരുന്നു. എനിക്കൊരു തമാശ തോന്നിയത് , ഓരോ വീട്ടിലും കര്‍ണ്ണാടക-തമിള്‍നാട് പൂക്കള്‍ കൊണ്ട് തീര്‍ത്ത വളരെ വലിയ പൂക്കളം ആ വീട്ടുകാരല്ലാതെ മറ്റാരും തിരിഞ്ഞു നോക്കാനുണ്ടായിരുന്നില്ല . ഇതിലൊക്കെ എവിടെയാണ് ഓണം ഉള്ളത് സുഹാസ്സ് ? പിന്നെ തരക്കേടില്ല , ഓരോ സ്ഥലത്തും ആളുകള്‍ ആയിരക്കണക്കിന് ഒത്തുകൂടി ഒരു പൊതു അടുക്കള ഉണ്ടാക്കി ഒന്നിച്ച് സദ്യ ഒരുക്കി ഒരുമിച്ചു ഉണ്ട് , ആട്ടവും പാട്ടും ഒക്കെ ആയി അങ്ങിനെ ആര്‍മ്മാദിച്ചിരുന്നെങ്കില്‍ അതൊരു ഓണം എന്നു പറയാമായിരുന്നു. നടക്കുന്നതെന്താ , ആളുകള്‍ ആര്‍ത്തി പിടിച്ച കണക്കിന് സാധനങ്ങള്‍ വാങ്ങാന്‍ തിക്കും തിരക്കും കൂട്ടുന്നു. എന്നിട്ട് ഒറ്റക്ക് എല്ലാം അനുഭവിക്കുന്നു. ഓണത്തിന്റെ തലേന്ന് മദ്യശാലകള്‍ക്ക് മുന്നില്‍ മാത്രമല്ല മരുന്നുകടകള്‍ക്ക് മുന്നിലും തിരക്കോട് തിരക്ക് .... ആഘോഷങ്ങളും നമുക്ക് ആഭാസങ്ങളാവുന്നു ......